
അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും എല്ലാവരുടെയും പ്രാര്‍ഥന ഉണ്ടാവണമെന്നും മാത്രമാണ് സൗഭാഗ്യ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ നടിയ്ക്ക് എന്താണ് സംഭവിച്ചതെന്നോ എന്തിനാണ് ഓപ്പറേഷന്‍ ചെയ്യുന്നതെന്നോ ഉള്ള കാര്യം വ്യക്തമായില്ല. നടിയുടെ പോസ്റ്റിന് താഴെ വരുന്ന കമന്റുകളില്‍ ഭൂരിഭാഗവും ഇക്കാര്യം ചോദിച്ച് കൊണ്ടാണ്. അങ്ങനെയിരിക്കുമ്പോഴാണ് സൗഭാഗ്യ തന്നെ പുതിയ വിശേഷം പറഞ്ഞ് എത്തിയത്.

ഓപ്പറേഷന് ശേഷം ബെഡില്‍ കിടക്കുന്ന താര കല്യാണിന്റെ ഫോട്ടോയാണ് സൗഭാഗ്യ പുറത്ത് വിട്ടിരിക്കുന്നത്. മയങ്ങി കിടക്കുകയാണെങ്കിലും അടുത്ത് സൗഭാഗ്യയുടെ മകള്‍ സുദര്‍ശനയെയും കാണാം. ‘നിങ്ങളുടെ എല്ലാവരുടെയും ആത്മാര്‍ഥമായ പ്രാര്‍ഥനയ്ക്ക് നന്ദി’ എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി സൗഭാഗ്യ കുറിച്ചിരിക്കുന്നത്. അമ്മ ജീവിതത്തിലേക്ക് തിരിച്ച് വന്നുവെന്ന് നടി പറയാതെ പറഞ്ഞതാണെന്ന് ഈ വാക്കുകളില്‍ നിന്നും വ്യക്തമാവുന്നു.

അപ്പോഴും അമ്മയുടെ അവസ്ഥ എന്താണെന്നോ എന്തിനാണ് ഓപ്പറേഷന്‍ ചെയ്തതെന്ന കാര്യം സൗഭാഗ്യ സൂചിപ്പിച്ചിട്ടില്ല. എന്തായാലും താരയ്ക്ക് ആശംസകള്‍ അര്‍പ്പിച്ച് കൊണ്ടാണ് ആരാധകര്‍ എത്തുന്നത്. എത്രയും വേഗം ജീവിതത്തിലേക്ക് തിരിച്ച് വരട്ടെ എന്നാണ് ഭൂരിഭാഗം പേരും കമന്റുകളില്‍ പറയുന്നത്. അതേ സമയം കഴിഞ്ഞ ദിവസം താര കല്യാണ്‍ പുറത്ത് വിട്ട യൂട്യൂബ് വീഡിയോയില്‍ ഓപ്പറേഷന് പോവുന്നതിന്റെ കാരണമെന്താണെന്ന് സൂചിപ്പിച്ചിരുന്നു.

വീട്ടിലെ വിശേഷങ്ങളും അമ്മയെയും മകളെയും വിളിക്കുന്നതുമടക്കം പലതും വീഡിയോയില്‍ താര കാണിച്ചു. ഏറ്റവുമൊടുവിലാണ് താനൊരു ഓപ്പറേഷന് പോവുന്നതിനെ പറ്റി നടി പറഞ്ഞത്. തന്റെ തൊണ്ടയ്ക്ക് തീരെ സുഖമില്ലെന്നും ഒരു മേജര്‍ സര്‍ജറി ചെയ്താല്‍ അത് ശരിയാകുമെന്നുമാണ് അന്ന് താര പറഞ്ഞത്. ഈ മാസം തന്നെ ആ സര്‍ജറി ഉണ്ടാവുമെന്നും അത് നടത്തിയതിന് ശേഷം ഇപ്പോഴുള്ള ജീവിതത്തില്‍ മാറ്റമുണ്ടാകുമെന്നുമൊക്കെ നടി പറഞ്ഞിരുന്നു.