
‘സിനിമയുടെ പ്രൊമോഷന് വേണ്ടി പൊതുസ്ഥലത്ത് പോയ സിനിമാ താരങ്ങള്‍ക്ക് ശാരീരിക ആക്രമണം നേരിടേണ്ടി വന്നത് ഏറെ ദുഃഖകരമായ കാര്യമാണ്. ഒരു സിനിമയില്‍ അഭിനയിച്ചവര്‍ക്ക് അതിന്റെ പ്രൊമോഷന് വേണ്ടി പുറത്തിറങ്ങി നടക്കാതിരിക്കാന്‍ കഴിയില്ല. കോഴിക്കോട് മാത്രമല്ല ലോകത്തിന്റെ ഏത് കോണിലായാലും സ്ത്രീകള്‍ക്ക് പേടി കൂടാതെ പുറത്തിറങ്ങി നടക്കാന്‍ കഴിയണം.
നൂറ് ശതമാനം സാക്ഷാരതയുള്ള ഒരു സംസ്ഥാനത്താണ് നമ്മള്‍ ജീവിക്കുന്നത്. ആ ഒരു ധൈര്യത്തിലാണ് നമ്മള്‍ ഇറങ്ങി നടക്കുന്നതും. ഞങ്ങളും ജോലി ചെയ്യനാണ് പുറത്തിറങ്ങുന്നത്’.

‘ശാരീരികമായി കയ്യേറ്റം ചെയ്യുന്നത് വരെ കാര്യങ്ങള്‍ എത്തുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ഈ ഒരവസ്ഥ നേരിട്ട ഒരാളെന്ന നിലയിലാണ് ഞാനിത് പറയുന്നത്. പെണ്‍കുട്ടികള്‍ക്ക് അപ്പോള്‍ തന്നെ പ്രതികരിക്കാമായിരുന്നെന്ന് പറയുന്നവരുണ്ട്. എല്ലാവരും ഒരുപോലെയല്ല എന്ന് ആദ്യം മനസിലാക്കുക. ഒരു പെണ്‍കുട്ടി പ്രതികരിച്ചു, മറ്റൊരു പെണ്‍കുട്ടിയ്ക്ക് അതിന് കഴിഞ്ഞില്ല. അവള്‍ പോയി സോഷ്യല്‍ മീഡിയയില്‍ എഴുതി’.

‘എല്ലാവര്‍ക്കും പെട്ടെന്ന് പ്രതികരിക്കന്‍ കഴിഞ്ഞെന്ന് വരില്ല. നമ്മളെ ഒരാള്‍ കയറിപ്പിടിക്കുമ്പോള്‍ ആ സമയത്ത് പൊലീസിനെ വിളിക്കാനോ തിരിച്ചടിക്കാനോ കഴിഞ്ഞെന്ന് വരില്ല. അനുവാദമില്ലാത്ത സ്പര്‍ശനം ഒരു പെണ്‍കുട്ടിയെ എത്രത്തോളം തളര്‍ത്തുമെന്ന് അവള്‍ക്ക് മാത്രമേ അറിയുകയുള്ളുവെന്നും’ ശ്വേത മേനോന്‍ പറയുന്നു.

‘സോഷ്യല്‍ മീഡിയയിലുള്ള ആളുകള്‍ ആക്രമണത്തിന് ഇരയായ പെണ്‍കുട്ടികളുടെ സ്വഭാവത്തെയും വസ്ത്രധാരണത്തെയും മോശമായി ചിത്രീകരിക്കുകയാണ്. ഇതെല്ലാം ഞാനും അനുഭവിച്ചതാണ്. 1999 ലും 2013 ലും ഞാന്‍ സംസാരിച്ചത് തന്നെ ഇപ്പോള്‍ 2022 ലും സംസാരിക്കേണ്ടി വരുന്നത് എന്ത് കഷ്ടമാണ്. സ്ത്രീയ്ക്കും പുരുഷനും തുല്യത വേണമെന്ന് ഞാന്‍ അന്ന് മുതല്‍ പറയുന്ന കാര്യമാണ്.
ആണ്‍പെണ്‍ ഭേദമില്ലാതെ നമ്മുടെ കുഞ്ഞുങ്ങളെ ആയോധനകലകളും പഠിപ്പിക്കണം. പഠനം മാത്രമല്ല ആരോഗ്യവും പ്രധാനമാണ്’. 2007 ലെ ഒരു അഭിമുഖത്തില്‍ ഞാന്‍ ഇക്കാര്യം പറഞ്ഞിരുന്നതായി ശ്വേത കൂട്ടിച്ചേര്‍ത്തു.

‘ഇനിയും ഇക്കാര്യങ്ങള്‍ പറഞ്ഞ് സമയം കളയാതെ പ്രവര്‍ത്തിച്ച് കാണിക്കുകയാണ് വേണ്ടത്. ഇന്നലെ ശാരീരിക അതിക്രമത്തിന് വിധേയരായ രണ്ട് പെണ്‍കുട്ടികളെയു ഞാന്‍ പിന്തുണയ്ക്കുന്നു. ഈ സമയത്ത് അവരെ വിമര്‍ശിക്കാനോ ആക്രമിക്കാനോ പോകാതെ ഇത്തരം പ്രവണതയുടെ മൂലകാരണത്തെ പറ്റി ചര്‍ച്ച ചെയ്യുകയാണ് വേണ്ടതെന്നും’ ശ്വേത പറഞ്ഞു.