
‘നല്ല സമയം, പെണ്‍കുഞ്ഞ്, സുഖപ്രസവം ഉമ്മയും മോളും സുഖമായി ഇരിക്കുന്നു’.. എന്നാണ് മകളുടെ ജനനത്തെ കുറിച്ച് ഒമര്‍ ലുലു പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. തലേ ദിവസം രാത്രിയില്‍ ഭാര്യയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതിനെ പറ്റിയും അദ്ദേഹം പറഞ്ഞിരുന്നു. ‘ഭാര്യ റിന്‍ഷിയെ ഇന്ന് അഡ്മിറ്റ് ചെയ്തു. മുന്നാമത്തെ പ്രസവത്തിന്. അങ്ങനെ വീണ്ടും ഞാന്‍ പപ്പയാവുന്നു, എല്ലാവരുടെയും പ്രാര്‍ത്ഥന വേണം’, എന്നുമാണ് ഒമര്‍ പറഞ്ഞത്.

കാത്തിരിപ്പുകള്‍ക്കൊടുവില്‍ മൂന്നാമതൊരു പെണ്‍കുഞ്ഞിന്റെ പിതാവായിരിക്കുകയാണ് താരം. ഇപ്പോള്‍ ജനിച്ച മകള്‍ക്ക് പുറമേ ഒരു മകനും മകളും സംവിധായകനുണ്ട്. സോഷ്യല്‍ മീഡിയയിലെ പോസ്റ്റിന് ചുവടെ സംവിധായകനും കുടുംബത്തിനും എല്ലാവിധ ആശംസകളും അറിയിച്ച് കൊണ്ടാണ് ആരാധകരും പ്രിയപ്പെട്ടവരുമൊക്കെ എത്തുന്നത്.

അടുത്തിടെ തന്റെ പുതിയ സിനിമയെ കുറിച്ചുള്ള വിശേഷങ്ങളും സംവിധായകന്‍ പങ്കുവെച്ചിരുന്നു. നല്ല സമയം എന്ന ചിത്രത്തെ കുറിച്ചാണ് മറ്റൊരു പോസ്റ്റിലൂടെ ഒമര്‍ ലുലു പങ്കുവെച്ചിരിക്കുന്നത്. ‘തൃശ്ശൂര്‍കാരനായ സ്വാമിയേട്ടന്‍ എന്ന സ്വാമിനാഥനാണ് ‘നല്ല സമയം’ എന്ന എന്റെ പുതിയ സിനിമയിലെ നായക കഥാപാത്രത്തിന്റെ പേര്. ഞാന്‍ ലാലേട്ടനെ മനസ്സില്‍ കണ്ടാണ് ‘നല്ല സമയം’ എഴുതിയത്.
പക്ഷേ ലാലേട്ടന്‍ എന്ന ഫാക്ടറിലേക്ക് എത്താനുള്ള ദൂരം ആലോചിച്ച ശേഷം പിന്നെ ആര് എന്ന ചോദ്യമായി മനസ്സില്‍. അതും തൃശ്ശൂരാണ് കഥ നടക്കുന്നത്, തൃശ്ശൂര്‍ ഭാഷയാണ് മെയിന്‍. അങ്ങനെയാണ് ഞാന്‍ എന്റെ നാട്ടുകാരനും തൃശ്ശൂരുകാരനായ നമ്മുടെ ഇര്‍ഷാദ് ഇക്കയിലേക്ക് സ്വാമിയേട്ടന്‍ എന്ന നായക കഥാപാത്രമായി പോകുന്നത്.

കഥ കേട്ട് ഇര്‍ഷാദ് ഇക്കാ പറഞ്ഞു, ‘കഥ കൊള്ളാം. നല്ല എന്റര്‍ടെയിനറാണ്. നാല് പെണ്‍പ്പിള്ളേരും ഞാനും നൂലുണ്ടയും തമാശയും’ പക്ഷേ ഞാന്‍ ഇങ്ങനെയൊക്കെ പാട്ട് ഒക്കെ പാടി ഡാന്‍സ് ചെയ്താല്‍ ശരിയാവോ, ആളുകള്‍ക്ക് ഇഷ്ടമാവുമോ? ഞാന്‍ പറഞ്ഞു അത് ഓക്കെയാണ് ഇക്ക. ഇക്ക ചെയ്താല്‍ ഒരു ഫ്രഷ്‌നെസ്സ് ഉണ്ടാവും. വിചാരിച്ച പോലെ വര്‍ക്ക് ഔട്ട് ആയി വന്നാല്‍ ഇക്കാടെ കരിയറിന് ഒരു പുതിയ തുടക്കമാവും.

ഇനി അഥവാ വിചാരിച്ച പോലെ വര്‍ക്ക് ഔട്ട് ആയില്ലെങ്കില്‍ മാക്‌സിമം കുറെ ട്രോള്‍ വരും. പരാജയപ്പെടാന്‍ തയ്യാറായിട്ടുള്ളവന്‍ തന്നെയേ ജയിച്ചിട്ടുള്ളൂ ഇക്കാ.. റിസ്‌ക് എടുത്തവനെ എവിടെയെങ്കിലും എത്തിയിട്ടുള്ളൂ. അങ്ങനെ കുറെ മോട്ടിവേഷന്‍ ടോക്‌സും അങ്ങോട്ട് വെച്ച് കാച്ചി, ഇക്ക ഫ്‌ളാറ്റ്.
അങ്ങനെ എന്നെ വിശ്വസിച്ച് കൂടെ വന്ന ഇര്‍ഷാദിക്കാ ‘നല്ല സമയത്തില്‍’ പൂണ്ട് വിളയാടിയിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. എന്റെയും ഇര്‍ഷാദ് ഇക്കാടെയും എല്ലാവരുടെയും നല്ല സമയം ആവട്ടെ. എന്റെ ട്രോള്‍ ഭഗവതികളെ ഇക്കാനെ കാത്തോളി’.. എന്നുമാണ് ഒമര്‍ ലുലു കുറിപ്പില്‍ പറയുന്നത്.