
പ്രഭുലാലിന്റെ വിയോഗ വാർത്ത വന്നതിന് പിന്നാലെ സീമ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഏറെ സ്വപ്‌നങ്ങളും പ്രതീക്ഷകളുണ്ടായിരുന്ന രാജകുമാരൻ ആയിരുന്നു പ്രഭുവെന്നും ആദ്യമായി കാണുമ്പോൾ വേദനയിലും ചിരിയോടെയാണ് സ്വീകരിച്ചതെന്നുമാണ് സീമ ജി നായർ കുറിച്ചത്, പ്രഭുലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു സീമ ജി നായരുടെ കുറിപ്പ്. താരത്തിന്റെ കുറിപ്പ് ഇങ്ങനെ.

‘പ്രഭുയാത്രയായി ..നന്ദുട്ടനെ പോലെ അപ്രതീക്ഷിത വിയോഗം.സ്വപ്നങ്ങളും പ്രതീക്ഷകളുമായിരുന്നു എറെയുണ്ടായിരുന്നു ഈ രാജകുമാരന് .കുറച്ചു നാൾ മുന്നേ അവനെ കാണുമ്പോൾ വേദനയിലും ചിരിയോടെയാണ് എന്നെ സ്വീകരിച്ചത് ..അന്നവന്റെ മുഖത്ത് കണ്ട തിളക്കം പോലെ ജീവിത്തിലൂടെനീളം ആ തിളക്കം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നു ..ജീവിതം എപ്പോളും അങ്ങനെ ആണല്ലോ ..മോനെ എന്താണ് പറയേണ്ടത് ..സ്നേഹിക്കുന്നവർ ഓരോരുത്തരായി കൊഴിയുന്നു ..ഒന്നും പറയാനില്ല..വാക്കുകൾ മുറിയുന്നു.. ആദരാഞ്ജലികൾ..’ എന്നാണ് സീമ ജി നായർ ഫെയ്‌സ്‌ബുക്കിൽ കുറിച്ചത്.

കഴിഞ്ഞ ജൂണിൽ കോഴിക്കോട് എം വി ആർ കാൻസർ സെന്ററിൽ പ്രഭുവിനെ സന്ദർശിച്ച ശേഷമുള്ള ചിത്രത്തിനൊപ്പമാണ് സീമ ജി നായരുടെ കുറിപ്പ്. അന്ന് പ്രഭുവിനെ കുറിച്ച് സീമ എഴുതിയ വാക്കുകൾ ഏറെ ശ്രദ്ധനേടിയിരുന്നു.
ഇന്ന് രാവിലെയാണ് ആലപ്പുഴ സ്വദേശിയായ പ്രഭുലാൽ പ്രസന്നൻ അന്തരിച്ചത്. മാലിഗ്നന്റ് മെലോമ എന്ന സ്‌കിന്‍ കാന്‍സര്‍ ആണ് പ്രഭുവിനെ ബാധിച്ചിരുന്നത്. മുഖത്തിന്റെ മുക്കാല്‍ഭാഗവും ഒരു ചെവിയും നെഞ്ചും മൂടിയ കറുത്ത മറുകും അതേ തുടർന്നുള്ള രോഗാവസ്ഥകളും കാരണം ചികിത്സയിലായിരുന്നു. നേരത്തെ പ്രഭുലാൽ സോഷ്യൽ മീഡിയയിലൂടെ ചികിത്സയ്ക്ക് സുമനസുകളുടെ സഹായം തേടിയിരുന്നു.