
ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് നയൻതാരയും വിഘ്നേശും വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് നാല് മാസം പിന്നിട്ടപ്പോഴാണ് ഇരുവരും തങ്ങൾക്ക് ഇരട്ടക്കുട്ടികൾ പിറന്ന കാര്യം അറിയിച്ചത്. വാടക ഗർഭധാരണത്തിലൂടെയാണ് കുഞ്ഞുങ്ങളെ സ്വീകരിച്ചതെന്ന് പ്രസ്താവനയിൽ പറഞ്ഞിരുന്നില്ല. ഇത് പലവിധ അഭ്യൂഹങ്ങൾക്കും ഇടയാക്കി.
ഇതിന് പിന്നാലെയാണ് വാടക ഗർഭധാരണമാണെന്ന് സ്ഥിരീകരിക്കപ്പെടുകയും വിഷയത്തിൽ തമിഴ്നാട് ആരോഗ്യമന്ത്രാലയം അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തത്. സംഭവത്തിൽ ഇതുവരെ താരങ്ങൾ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. പലവിധ അഭ്യൂഹങ്ങൾ പരക്കുന്നതിനിടയിലും മൗനം പാലിക്കുകയാണ് വിഘ്നേശും നയൻസും. അതേസമയം അന്വേഷണത്തോട് സഹകരിക്കുന്നുണ്ട്.

ഇപ്പോഴിതാ താരങ്ങളുടെ സറൊഗസി സംബന്ധിച്ച് പുതിയ വിവരങ്ങളാണ് പുറത്തു വരുന്നത്. നയൻസിന്റെ ബന്ധുവായ മലയാള യുവതി ആണത്രെ വാടകഗർഭ ധാരണത്തിന് തയ്യാറായത്. ദുബായിലെ ബിസിനസ് നോക്കി നടത്തുന്നത് ഈ സ്ത്രീയാണെന്നും റിപ്പോർട്ടുണ്ട്. തമിഴ്നാട് സർക്കാരിന് താരങ്ങൾ നൽകിയ സത്യവാങ്മൂലത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ആറ് വർഷം മുമ്പേ തങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്തതിനാൽ വാടക ഗർഭധാരണത്തിന്റെ ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്ന് നയൻസും വിഘ്നേശും പറയുന്നു. വിവാഹം കഴിഞ്ഞ് അഞ്ച് വർഷത്തിന് ശേഷവും കുട്ടികൾ ഇല്ലെങ്കിലേ വാടക ഗർഭധാരണ മാർഗം സ്വീകരിക്കാൻ പറ്റൂ. 2016 ൽ നിയമപരമായി വിവാഹം കഴിഞ്ഞതിനാൽ ഈ ചട്ടം ലംഘിച്ചിട്ടില്ലെന്നാണ് താരങ്ങൾ വാദിക്കുന്നത്. ചെന്നെെയിലെ വന്ധ്യതാ ക്ലിനിക്കിൽ വെച്ചാണ് പ്രസവം നടന്നതെന്ന് നേരത്തെ വിവരം പുറത്ത് വന്നിരുന്നു.
ആരോഗ്യ വിദ്യാഭ്യാസ ഡയരക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് വിഷയത്തിൽ അന്വേഷണം നടത്തുന്നത്. തമിഴ്നാട്ടിൽ വലിയ കോളിളക്കമാണ് താരങ്ങളുടെ വാടക ഗർഭ ധാരണം ഉണ്ടാക്കിയിരിക്കുന്നത്. അതേസമയം മാധ്യമങ്ങളോട് വിഷയത്തിൽ ഒരു പ്രതികരണവും നയൻസും വിഘ്നേശും നടത്തിയിട്ടില്ല.

വിവാദങ്ങളോട് പ്രതികരിച്ച് വിഷയം കൂടുതൽ വഷളാക്കേണ്ടെന്നാണ് താരങ്ങളുടെ തീരുമാനം. നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് നയൻതാരയും വിഘ്നേശും പ്രണയത്തിലാവുന്നത്. നയൻതാര നായിക ആയ ചിത്രത്തിൽ വിഘ്നേശ് ശിവൻ ആയിരുന്നു സംവിധായകൻ. 2015 ലാണ് ഈ സിനിമ പുറത്തിറങ്ങിയത്. സൂപ്പർ ഹിറ്റായ സിനിമ നയൻസിന്റെ കരിയറിലെ തന്നെ മികച്ച സിനിമകളിൽ ഒന്നായി.
2017 ഓടെയാണ് നയൻസും വിഘ്നേശും ഒരുമിച്ചുള്ള ഫോട്ടോകൾ പുറത്തു വിടാനും തങ്ങൾ പ്രണയത്തിലാണെന്ന് അറിയിക്കുകയും ചെയ്തത്. നയൻതാരയെ സംബന്ധിച്ച് കരിയറിലെ തിരക്കുകളിലാണിപ്പോൾ. വരും ദിവസങ്ങളിൽ ജവാൻ എന്ന സിനിമയുടെ ഷൂട്ടിംഗിനായി രാജസ്ഥാനിലേക്ക് പോവാനിരിക്കുകയായിരുന്നു നടി. നിലവിലെ വിവാദങ്ങൾ മൂലം നടി ഉടനെ തന്നെ ഷൂട്ടിന് മടങ്ങുമോ എന്നും വ്യക്തമല്ല.