
കരിയറിലെ ഉയർച്ചകൾക്കൊപ്പം തന്നെ നടിക്കെതിരെ നിരന്തരമായി ട്രോളുകൾ വരാറുണ്ട്. ഇപ്പോഴിതാ തനിക്ക് നേരെ വരുന്ന ട്രോളുകൾക്കും അധിക്ഷേപങ്ങൾക്കുമെതിരെ സംസാരിച്ചിരിച്ചിരിക്കുകയാണ് രശ്മിക മന്ദാന.
‘കരിയർ തുടങ്ങിയ കാലം മുതൽ എനിക്കെതിരെ ട്രോളുകൾ വരുന്നു. ഞാൻ തെരഞ്ഞെടുത്ത ജീവിതത്തിൽ ഒരു വില നൽകേണ്ടതുണ്ടെന്ന് അറിയാം. ഞാൻ എല്ലാവർക്കും പ്രിയങ്കരി അല്ലെന്ന് എനിക്കറിയാം. പക്ഷെ അതിനർത്ഥം നിങ്ങൾ എന്നെ അപ്രൂവ് ചെയ്യുന്നെന്നോ നിങ്ങൾക്ക് നെഗറ്റിവിറ്റി തുപ്പാമെന്നോ അല്ല. എന്റെ വർക്കിലൂടെ നിങ്ങൾക്ക് തോന്നുന്ന സന്തോഷത്തിനാണ് ഞാൻ ഏറ്റവും പ്രാധാന്യം നൽകുന്നത്’

‘എനിക്കും നിങ്ങൾക്കും അഭിമാനിക്കാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യാനാണ് ഞാൻ ശ്രമിക്കുന്നത്. ഞാൻ പറയാത്ത കാര്യങ്ങൾക്ക് എന്നെ പരിഹസിക്കുന്നത് ഹൃദയ ഭേദകവും അധാർമ്മികവും ആണ്. ഞാൻ അഭിമുഖങ്ങളിൽ പറഞ്ഞ കാര്യങ്ങളുടെ ചെറിയ ഭാഗങ്ങൾ എനിക്കെതിരെ വരുന്നു.
‘ഇന്റർനെറ്റിൽ പരക്കുന്ന തെറ്റായ വ്യാഖ്യാനങ്ങൾ എന്നെയും ഇൻഡസ്ട്രിക്ക് അകത്തും പുറത്തുമുള്ള എന്റെ ബന്ധങ്ങളെയും ബാധിക്കുന്നു. കാര്യമാത്ര പ്രസ്കത്മായ വിമർശനങ്ങളെ സ്വീകരിക്കുന്നു. എന്നാൽ നികൃഷ്ടമായ നെഗറ്റിവിറ്റിയും വിദ്വേഷവും എന്തിനാണ്’

‘അത് അവഗണിക്കണമെന്നാണ് വളരെക്കാലമായി എന്നോട് പറഞ്ഞിട്ടുള്ളത്. പക്ഷെ ഇത് വഷളാവുന്നേ ഉള്ളൂ,’ രശ്മികയുടെ ദീർഘമായ കുറിപ്പിൽ പറയുന്നതിങ്ങനെ. തനിക്ക് നേരെ വരുന്ന വിദ്വേഷത്തിന്റെ പേരിൽ സ്വയം മാറാൻ താൽപര്യമില്ലെന്നും രശ്മിക പറഞ്ഞു. തനിക്ക് ആരാധകരിൽ നിന്നും ലഭിക്കുന്ന സ്നേഹം കണ്ടില്ലെന്ന് നടിക്കുകയല്ലെന്നും രശ്മിക വ്യക്തമാക്കി.

നിരന്തരം ട്രോൾ ചെയ്യപ്പെടുന്ന രശ്മിക ആദ്യമായാണ് ഇതേക്കുറിച്ച് ഗൗരവമായി പ്രതികരിക്കുന്നത്. രശ്മികയുടെ പോസ്റ്റിന് താഴെ നിരവധി പേർ കമന്റുകളുമായെത്തി. സൈബർ അധിക്ഷേപത്തിൽ തളരരുതെന്നും മുഖമില്ലാത്ത ഫേക്ക് ഐഡികളാണ് ഇതിന് പിന്നിലെന്നും പലരും അഭിപ്രായപ്പെടുന്നു. നിരവധി താരങ്ങളും രശ്മികയ്ക്ക് പിന്തുണയുമായെത്തി. നടൻ ദുൽഖർ സൽമാനും നടിയെ പിന്തുണച്ചു.

‘നിന്നെ പോലെ ആവാൻ ആഗ്രഹിക്കുന്നവരിൽ നിന്നാണ് സ്നേഹം വരുന്നത്. വെറുപ്പ് ഒരിക്കലും അതിന് കഴിയാത്തവരിൽ നിന്നും. നീ നീയായിരിക്കൂ,’ ദുൽഖർ സൽമാന്റെ കമന്റ് ഇങ്ങനെ. സീതാരാമം എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
നടി ഹൻസികയും രശ്മികയെ പിന്തുണച്ചു. നിന്നോട് സ്നേഹം മാത്രം എന്നാണ് ഹൻസികയുടെ കമന്റ്. കേരളത്തിൽ നിന്നും രശ്മികക്കെതിരെ നിരന്തരം ട്രോളുകൾ വരാറുണ്ട്.