
കെജിഎഫ്, സറൈപട്ട പരമ്പരൈ, തുടങ്ങി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ അഭിനയിച്ച് ജനപ്രീതി നേടിയെടുത്ത നടനാണ് ജോണ്‍ കൊക്കെയ്ന്‍. അജിത്തിന്റെയും ധനുഷിന്റെയും സിനിമകൡലാണ് താരമിപ്പോള്‍ അഭിനയിക്കുന്നത്. ഭാര്യ പൂജ രാമചന്ദ്രനും തെന്നിന്ത്യയില്‍ അറിയപ്പെടുന്ന നടിയാണ്. ഇരുവരും 2019 ലാണ് വിവാഹിതരാവുന്നത്. അവിടം മുതലിങ്ങോട്ട് വര്‍ക്കൗട്ടും യാത്രകളുമൊക്കെയായി സന്തോഷത്തോടെ ജീവിക്കുകയായിരുന്നു താരങ്ങള്‍.

ഇതിനിടയിലേക്കാണ് പുതിയൊരു അതിഥി കൂടി വരികയാണെന്ന സന്തോഷം താരദമ്പതിമാര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ റൊമാന്റികായിട്ടുള്ള പോസ്റ്റുമായിട്ടാണ് പൂജ എത്തിയത്. വെള്ളനിറമുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായി നില്‍ക്കുന്ന ചിത്രങ്ങളായിരുന്നു പൂജ പങ്കുവെച്ചത്. ഭര്‍ത്താവ് ജോണ്‍ നടിയെ ചുംബിക്കുകയും നിറവയറില്‍ തലോടുകയുമൊക്കെ ചെയ്യുന്നത് ചിത്രങ്ങളില്‍ കാണാം. ഒപ്പം പ്രണയം നിറഞ്ഞൊരു കുറിപ്പും പങ്കുവെച്ചിരിക്കുകയാണ്.

‘ഒരു പ്രണയകഥയുടെ ചുഴലിക്കാറ്റ്, മരിക്കാത്ത ആത്മാക്കള്‍, ഹൃദ്യമായ ചിരികള്‍, ഭ്രാന്തന്‍ വഴക്കുകള്‍, അനന്തമായ സംഭാഷണങ്ങള്‍, കാമം, പ്രണയം, സാഹസികത, എന്തൊരു സവാരിയാണ് ഞങ്ങള്‍ നടത്തിയത്, ഇപ്പോള്‍ ഞങ്ങളുടെ ജീവിതത്തിലെ ചെറിയൊരു അത്ഭുതം വരാനിരിക്കുന്നുവെന്ന് പറയുന്നതിന്റെ ആവേശത്തിലാണ് ഞങ്ങള്‍. 2023 ഞങ്ങള്‍ക്ക് വളരെ സ്‌പെഷ്യലാകാന്‍ പോകുന്നു’, എന്നുമാണ് പൂജ ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്.

കാളിദാസ് ജയറാം, റായി ലക്ഷ്മി, ഷംന കാസിം, അരവിന്ദ് കൃഷ്ണ, തുടങ്ങി സിനിമാമേഖലയില്‍ നിന്നുള്ള സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമെല്ലാം താരദമ്പതിമാര്‍ക്ക് ആശംസ അറിയിച്ച് എത്തിയിരിക്കുകയാണ്. നിങ്ങളെ പോലെ കുഞ്ഞതിഥിയുടെ മുഖം കാണാന്‍ ഞങ്ങളും കാത്തിരിക്കുകയാണെന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്.

ജോണുമായി ജീവിക്കാന്‍ തുടങ്ങിയപ്പോഴാണ് ജീവിതം കളറായതെന്ന് മുന്‍പൊരിക്കല്‍ പൂജ പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഞങ്ങള്‍ ജീവിച്ചതെങ്ങനെയാണെന്ന് പറഞ്ഞ് അറിയിക്കാന്‍ പറ്റില്ല. കൊവിഡ് കാലത്ത് ജോലി ഒന്നുമില്ലാതെ ഇരിക്കുകയാണെന്ന് പോലും തോന്നിയിട്ടില്ല. എന്തെങ്കിലും ഒരു പ്ലാനുണ്ടാക്കി വീട്ടില്‍ നിന്നും ഇറങ്ങും. ഇന്നത്തെ ദിവസം മനോഹരമായി ജീവിക്കുക എന്നേ രണ്ടാളും വിചാരിച്ചിട്ടുള്ളു. പുതിയ സ്ഥലങ്ങള്‍ കാണാന്‍ ആഗ്രഹമുള്ളത് കൊണ്ട് ഒത്തിരി യാത്ര ചെയ്തിട്ടുണ്ടെന്നും ഒരു അഭിമുഖത്തില്‍ പൂജ പറഞ്ഞിരുന്നു.