
ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നല്ല സമയം’, നവംബര്‍ 25 ന് റിലീസിനൊരുങ്ങുന്ന സിനിമയില്‍ നിന്നും ട്രെയിലര്‍ പുറത്തിറക്കാനുള്ള ശ്രമത്തിലായിരുന്നു അണിയറ പ്രവര്‍ത്തകര്‍. കോഴിക്കോട് അതിനുള്ള വേദി കണ്ടെത്തുകയും നടി ഷക്കീലയെ അതിഥിയായി പങ്കെടുപ്പിക്കാനും തീരുമാനിച്ചു. വൈകുന്നേരം ഏഴ് മണിക്ക് ഹൈലൈറ്റ് മാളില്‍ വച്ച് നടത്താനിരുന്ന പരിപാടിയാണെങ്കിലും അധികൃതരുടെ എതിര്‍പ്പ് കാരണം മാറ്റുകയായിരുന്നു.

ഷക്കീല പങ്കെടുക്കുന്നതിനാല്‍ തിരക്ക് നിയന്ത്രിക്കാന്‍ കഴിയില്ലെന്ന പ്രശ്‌നം ചൂണ്ടി കാണിച്ചാണ് അധികൃതര്‍ ട്രെയിലര്‍ ലോഞ്ചിന് അനുമതി നിഷേധിച്ചത്. ഷക്കീല ഇല്ലാതെ പരിപാടി നടത്തുന്നതില്‍ പ്രശ്‌നമില്ലെന്ന് അറിയിച്ചെങ്കിലും അതുമായി മുന്നോട്ട് പോവുന്നില്ലെന്നാണ് സംവിധായകന്റെ തീരുമാനം. തങ്ങളുടെ നിര്‍ദ്ദേശപ്രകാരം മുഖ്യാതിഥിയായി ഷക്കീല എത്തുകയും അതിന് ശേഷം അവരില്ലാതെ പരിപാടി നടത്തുന്നത് ശരിയായ രീതിയല്ലെന്നും ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോയില്‍ ഒമര്‍ ലുലു പറയുന്നു.

ഒമര്‍ ലുലുവിന്റെ വാക്കുകളിങ്ങിനെയാണ്… ‘ഇന്ന് ഹൈലൈറ്റ് മാളില്‍ വച്ച് സിനിമയുടെ ട്രെയിലര്‍ ലോഞ്ച് തീരുമാനിച്ചിരുന്നു. പക്ഷെ ഷക്കീലയാണ് അതിഥിയെന്ന് അറിഞ്ഞതോടെ ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ തുടങ്ങി. സെക്യൂരിറ്റി കാരണങ്ങള്‍ അവര്‍ പറഞ്ഞതോടെ ഷക്കീലയ്ക്ക് തിരിച്ച് പോരേണ്ടി വന്നു. ഞാന്‍ അവരോട് മാപ്പ് പറയുകയാണെന്ന് ഒമര്‍ ലുലു പറയുമ്പോള്‍ അങ്ങനൊരു മാപ്പ് എന്നോട് പറയേണ്ടതില്ലെന്ന് ഷക്കീലയും പറഞ്ഞു. എനിക്കിത് ആദ്യമായിട്ട് നടക്കുന്ന പ്രശ്‌നമല്ല. കാലാകാലമായി എന്റെ ജീവിത്തിലുണ്ടാവുന്ന പ്രശ്‌നമാണെന്നും ഷക്കീല പറയുന്നു.

ഷക്കീല ചേച്ചി ഇല്ലാതെ പരിപാടി നടത്താമെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെ ചെയ്താല്‍ അത് ഷക്കീലയോട് ഞങ്ങള്‍ ചെയ്യുന്ന വലിയ തെറ്റായി പോകും. അതുകൊണ്ട് ആ പരിപാടിയെ വേണ്ടെന്ന് വെച്ചു. കോഴിക്കോടുള്ള എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുകയാണ്. ഇന്നത്തെ പ്രോഗ്രാം ക്യാന്‍സലായിരിക്കുകയാണെന്ന് ഒമര്‍ ലുലു വ്യക്തമാക്കുന്നു.

കോഴിക്കോട് നിന്ന് എനിക്കും ഒരുപാട് മെസേജുകള്‍ വന്നിരുന്നു. എല്ലാവരെയും ഞാനും മിസ് ചെയ്യുന്നു. എനിക്ക് വളരെ വിഷമമുണ്ട്, ഇതെന്നെ വല്ലാതെ വേദനിപ്പിച്ചു. ഈ നിലയിലേക്ക് എന്നെ എത്തിച്ചത് നിങ്ങളാണ്. അതേ നിങ്ങള്‍ തന്നെ ഈ അംഗീകാരങ്ങള്‍ എനിക്ക് തരുന്നുമില്ല. എന്തുകൊണ്ടാണെന്നോ അതിന്റെ കാരണമെന്താണെന്നോ എനിക്ക് അറിയില്ല. എല്ലാവര്‍ക്കും നല്ല സമയം ആവട്ടെ എന്നും ഷക്കീലയും പറയുന്നു.